Google+

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ധർമ്മക്കാരൻ

ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്
(വിശുദ്ധ ഖുർആൻ 93:10)
രാവിലെ ഏഴു മണി കഴിഞ്ഞ് കാണും വീട്ടിലെത്തുമ്പോൾ. രാത്രി മുഴുവൻ തീവണ്ടിയിലായിരുന്നു. പോരാത്തതിന് നോമ്പ് കാലവും. രാത്രി കൈയിലുണ്ടായിരുന്ന റൊട്ടി മാത്രമായിരുന്നു വയറ്റിൽ. അതു കൊണ്ട് ഭയങ്കര ദാഹവും. അത് കൊണ്ട് ഉറങ്ങുക എന്ന ഒരൊറ്റ ലക്ഷ്യത്തോട് കൂടിയായിരുന്നു എന്റെ എല്ലാ ചുവട് വെപ്പും. ഒന്ന് പോലും പിഴക്കാതെ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്തു. 

എണീറ്റപ്പോഴെക്കും ഉച്ച കഴിഞ്ഞിരുന്നു. ഉമ്മയുടെ തയ്യൽയന്ത്രം നല്ല ഉഷാറായി ഓടുന്നുണ്ട്. പെരുന്നാൾ ആകാറായില്ലെ? അതിന്റെ തിരക്കായിരിക്കും. 

കുറച്ച് നേരം കൂടി കിടക്കാമെന്ന് വെച്ച് പുതപ്പെടുത്ത് മൂടുമ്പോഴായിരുന്നു ബെല്ല്. ഒരു നിമിഷം മാത്രം നീണ്ട് നിന്ന കൂലങ്കഷമായ ആലോചനകൾക്ക് ശേഷം ഞാൻ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഉമ്മ ചെന്ന് വാതിൽ തുറന്ന് നോക്കി, അടുക്കളയിൽ ചെന്ന്, എന്തോ എടുത്ത് കൊടുത്ത്, വാതിലടച്ച് എന്റെ മുറിയിലോട്ടേക്കൊരു വരവ്.

(ദേഷ്യത്തോടെ)"എടാ നട്ടുച്ച വെയിലടിച്ചിട്ടും ഉറങ്ങുന്നോ? ഇങ്ങനെ ഉറങ്ങാൻ വേണ്ടിയാണോ നോമ്പെടുത്തത്? പിന്നെന്ത് നോമ്പാടാ? എണീറ്റ് പോയി നിസ്കരിക്കെടാ. പള്ളീൽ പോയി നിസ്കരിച്ചൂടെ നിനക്ക്? ഇത്രക്ക് മടിയായോ?...."

ഇതിനെക്കൊണ്ടൊന്നും നടക്കില്ലെന്ന് അറിയാമായിരുന്നിട്ടും...

അവസാനം ക്ലൈമാക്സ് രംഗത്തിൽ fan ഓഫാക്കി പുതപ്പ് വലിക്കുന്നു. അപ്പോൾ "ഞാൻ" എന്ന കഥാപാത്രം മുറുമുറുത്ത് കൊണ്ട് എണീറ്റ് പോകുന്നു. 

(ശുഭം.???)

ഇത്തവണയും മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാതെ ആ രംഗം അവതരിപ്പിച്ചു. അതിനു ശേഷം പോകുന്നതിനു മുമ്പ് ഒരു ഡയലോഗ് കൂടെ. 

"ആരെങ്കിലും ബെല്ലടിച്ചാൽ വാതിൽ തുറന്ന് കൊടുത്തോളണം. എന്നെ കൊണ്ട് വെറുതെ മോള്ന്നേ ഓടി വരാനാക്കരുത്. എനിക്കൊരുപാട് പണിയുള്ളതാ."

"ഓ ശെരി"

*****
ഡിംഗ് ഡോംഗ്

ഇത് കേട്ടപ്പോൾ ഞാൻ facebook-ൽ നീന്തിത്തുടിക്കുകയായിരുന്നു. സ്വാഭാവികമായും എന്റെ ആദ്യ പ്രതികരണം "ശല്യം" എന്നായിരുന്നു. 

ഷർട്ടിട്ടില്ലായിരുന്നു, വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് "അയ്യെ!" എന്ന് പറയിപ്പിക്കുന്നത്? കുപ്പായം എടുക്കാൻ ഞാൻ അടുക്കളയിലേക്ക് പോയി. കുപ്പായം ഇടുമ്പോൾ ഞാൻ അടുക്കള ജനലിലൂടെ നോക്കി ആരാ വന്നതെന്ന്. ഒരു 40-45 പ്രായമായ ഒരു മനുഷ്യൻ. ആരോഗ്യമുള്ളവൻ. അവന്റെ ഒരടി കൊണ്ടാൽ... 

അപ്പോഴെക്കും അയാൾ എന്നെ കണ്ട് കഴിഞ്ഞിരുന്നു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അയാൾ വീണ്ടും ബെല്ലടിച്ചു. ഞാൻ ചില്ലറ ഇടുന്ന പാത്രം നോക്കി ആലോചിക്കുകയായിരുന്നു. 

"ഒരു രൂപ കൊടുക്കണോ അതോ രണ്ടോ?"

ദാനങ്ങൾ അധികരിപ്പിക്കേണ്ട മാസമായത് കൊണ്ട് ഞാൻ 2 രൂപയുമായി വാതിൽക്കൽ ചെന്നു. നീട്ടിപ്പിടിച്ച കൈവെള്ളയിലേക്ക് ആ നാണയം വളരെ മൃദുവായി വെച്ച് കൊടുത്ത്, തിരിഞ്ഞ് കേറാൻ നിന്നപ്പോൾ ഒരു ചോദ്യം:

"എന്താ ഇത്?"

സന്ദർഭത്തിന് യോജിക്കാത്ത ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്റെ ഉള്ള ബുദ്ധിയും ചുമ്മാ മരവിച്ച് പോകും. അങ്ങനത്തെ ഒരു ചോദ്യമല്ലേ അയാൾ ചോദിച്ചത്?

"ഇത് മാത്രമേ ഉള്ളൂ?"

(മൗനം)[അല്ലെങ്കിൽ തരിപ്പ്]

"സാധാരണ അഞ്ച് രൂപ അല്ലേ തരേണ്ടത്?"

അപ്പോ അതാണ് കാര്യം. കാര്യം മനസ്സിലായതോടെ എന്റെ സ്വഭാവം മാറി. ഞാൻ ഒരു മിതവാദിയായ ഒരു ഫ്യൂഡലിസ്റ്റ് ജന്മിയായി(അല്ലെങ്കിൽ കാര്യസ്ഥൻ):
"അത് തരുന്നവൻ അല്ലേ തീരുമാനിക്കേണ്ടത്?"

അയാളത് കേട്ടപ്പോൾ മുഖത്തെ പേശികൾ മുറുകി. 
"എന്നെ കണ്ട് ഒളിച്ച് നിന്നത് ഞാൻ കണ്ടതാ. എന്നിട്ട് മര്യാദക്ക് ചോദിക്കുമ്പോൾ അവന്റെ അഹങ്കാരം"

ഇത് കേട്ടതോട് കൂടി എന്റെ രക്തം തിളച്ചു. ഞാൻ ഒരു മനുഷ്യനല്ലേ? എന്നെ പറ്റി ഏതോ ഒരുത്തൻ ഇങ്ങനെ നുണ പറയുന്നത് ഞാൻ എങ്ങനെ സഹിക്കും?

"എന്റെ വീട്ടിൽ കൈയും നീട്ടി വന്ന് കേറിയ നിന്നെ കണ്ട് ഞാൻ പേടിച്ച് ഒളിച്ചിരിക്കുകയോ? പോടാ പോ. തനിക്ക് തരാനുള്ളത് എടുക്കാൻ പോയ എന്നെ വേണം പറയാൻ. 2 രൂപ നിനക്കു കുറവാണല്ലേ? എന്നാ വെച്ചിട്ട് പോ. ഇതിവിടെ വെറുതെ വന്നതൊന്നുമല്ല. ഓരോരുത്തർ കണ്ട നാട്ടിലൊക്കെ പോയി..."

ഇത് പോലുള്ള ഭയങ്കര dialogues അടിച്ച് കൊണ്ടിരിക്കുമ്പോൾ അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയിരുന്നു. 

(ഈ രംഗം ഒരു സിനിമയിലായിരുന്നെങ്കിൽ... നായകൻ നെടുനീളൻ കാച്ച് കാച്ചുമ്പോൾ വില്ലൻ തിരിഞ്ഞൊരു നടത്തം. നായകൻ വെറും ശശി/സോമൻ)

അപ്പോഴാണ് ഓർത്തത്: പടച്ചോനേ നോമ്പാണല്ലോ....

*********
ഉമ്മ താഴെ ഇറങ്ങി വന്നപ്പോഴായിരുന്നു ചോദ്യം:

"നേരത്തെ എന്താ ഇവിടെ ഒച്ചപാട് കേട്ടത്?"

"അതാ? വാങ്ങാൻ വന്ന ഒരാൾ. അയാൾക്ക് ഞാൻ കൊടുത്തത് പോര പോലും. അതിന് വെറുതെ അടിയുണ്ടാക്കാൻ വന്നതാ"

"നീ എത്രയാ കൊടുത്തത്?"

"രണ്ട് രൂപ"

"നോമ്പിന് സാധാരണ അഞ്ചാണ് കൊടുക്കാറുള്ളത്."

ശ്ശെടാ! എനിക്കിതറിയില്ലല്ലോ? എന്തായാലും നമ്മൾ മോശക്കാരാവരുതല്ലോ? 
"എന്നാലും അയാൾക്ക് ഒന്ന് കൊള്ളേണ്ടതാ."

ഉമ്മ ഒന്ന് മൂളി. എന്നിട്ടടുക്കളയിലേക്ക് പോയി.

ച്ഛെ! മോശമായിപ്പോയി. നോമ്പെടുത്തിട്ട്... ശ്ശേ!

7 അഭിപ്രായങ്ങൾ:

  1. സാധാരണ രണ്ട് രൂപ നോമ്പിന് അഞ്ച് രൂപ...!
    അതാണല്ലേ ധര്‍മത്തിന്റെ ഗണിതം ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ധർമ്മത്തിന് ഗണിതം നിശ്ചയിക്കാറില്ല. ഉള്ളത് കൊടുക്കുക. നോമ്പിനാണെങ്കിലും അല്ലെങ്കിലും, അത് ദൈവത്തിങ്കൽ രേഖപെടുത്തുന്ന ഒരു കണക്കാ. കൊടുക്കുന്നവർ അതോർത്താൽ മതി.

      ഇല്ലാതാക്കൂ
  2. മാഷേ...ഇന്നലെ വായിച്ചിരുന്നു..എവിടെയെക്കൊയെ ചില അവ്യക്തത തോന്നി... അതാ കമ്മ്നടാതിരുന്നത്...
    എഴുത്ത് തുടരുക..

    മറുപടിഇല്ലാതാക്കൂ
  3. അയാള്‍ക്ക്‌ അഞ്ചു കൊടുക്കാത്ത നിങ്ങള്‍ ഞമ്മക്ക് ഇനി എട്ടിന്റെ പണി തരുമോന്നാ ഞമ്മളെ പേടി

    മറുപടിഇല്ലാതാക്കൂ
  4. എന്നാലും ദേഷ്യപ്പെടണ്ടാരുന്നു.... പോട്ടെ കുഴപ്പമില്ല നോയമ്പ് ആണെന്ന് ഓര്‍ക്കാതെ അല്ലെ... അള്ളാഹു ക്ഷമിക്കും... കുറ്റബോധം വേണ്ട കേട്ടോ. എഴുത്ത് തുടരുക. ഒരു അഭിപ്രായം പറഞ്ഞോട്ടെ? എന്തായാലും പറയുന്നു... ഈ template മാറ്റി ബ്ലോഗിന് simple template കൊടുത്തിരുന്നെങ്കില്‍ പോസ്റ്റ്‌ എടുക്കാനും കമന്‍റ് ഇടാനും പിന്നെ ഫോളോ ചെയ്യാനും എളുപ്പം ഉണ്ടാരുന്നു. ഞാന്‍ ഇതാണെ ഇടയ്ക്കു ഇട്ടത്. പക്ഷെ ബ്ലോഗ്ഗില്‍ എത്തുന്നവര്‍ക്ക് ഇത് ഒരു അസൌകര്യം ആണ് (എന്‍റെ അനുഭവം പറഞ്ഞു എന്നെ ഉള്ളു). ഞാന്‍ ഈ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ ഫോളോ എന്നതില്‍ ഒന്ന് ക്ലിക്ക്‌ ചെയ്യാന്‍ കുറെ പാട് പെട്ടു. എന്‍റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. അപ്പോള്‍ എല്ലാ ആശംസകളും.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. താന്കളുടെ അഭിപ്രായം മുഖവിലക്കെടുത്തിരിക്കുന്നു... :)

      ഇല്ലാതാക്കൂ
  5. ധർമ്മത്തിന് ഗണിതം നിശ്ചയിക്കാറില്ല. ഉള്ളത് കൊടുക്കുക. നോമ്പിനാണെങ്കിലും
    അല്ലെങ്കിലും, അത് ദൈവത്തിങ്കൽ രേഖപെടുത്തുന്ന ഒരു കണക്കാ. കൊടുക്കുന്നവർ
    അതോർത്താൽ മതി.

    മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...