Google+

2011, ജൂൺ 25, ശനിയാഴ്‌ച

കാറ്റും മരവും

1

സൂര്യന്‍ പറയുന്നു
അവന്‍ വരുന്നതിനു എത്രയോ മുമ്പ് ഞാനീ മരുഭൂമിയെ കാണുന്നു. ഞാന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ അവള്‍ താഴെ നിന്ന് മണല്‍പരപ്പില്‍ വീശിക്കൊണ്ടിരിക്കും. ആ പ്രദേശത്ത് അവള്‍ക്ക് പുറമെ വേറെ ആരും ഉണ്ടാവില്ല. എത്രയും പെട്ടെന്ന് അവിടെ നിന്നവള്‍ ഓടുന്നത് പോലെ തോന്നും. ചിലപ്പോള്‍ മണല്‍തരികളും വാരിയെടുക്കും. കുറച്ചപ്പുറത്തെത്തിയാല്‍ അതും കളയും ……

 
ആ സ്ഥലത്ത് മുളച്ച ഒരുപാട് തിരികളില്‍ ഒന്നു മാത്രമായിരുന്നു അവനും എനിക്ക്. പ്രതീക്ഷകള്‍ നല്‍കി വളര്‍ന്ന് വരുമ്പോഴേക്കും, ഒന്നുകില്‍ എന്റെ ചൂടില്‍ വാടിപ്പോകും. അല്ലെങ്കില്‍ ഒരു നിമിഷത്തിലെ ഭ്രാന്തില്‍ അവള്‍ അവറ്റകളെ പിഴുതുകളയും. പക്ഷെ അവന്‍……

2

മരം പറയുന്നു:
ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് വിസ്തൃതമായി കിടക്കുന്ന മണല്‍നിലമായിരുന്നു. ഞാന്‍ ഭയത്താല്‍ കണ്ണടച്ച് കൂമ്പിനിന്നു. ഒരു കുലുക്കത്തോടെയാണ് ഞാന്‍ വീണ്ടും കണ്ണ് തുറന്നത്. അത് അവളായിരുന്നു. പ്രൌഢിയോടെ അല്ലെങ്കില്‍ അഹങ്കാരത്തോടെ അവളെന്നെ കടന്ന് പോയി.പിന്നെ പിന്നെ അവളുടെ വരവ് ഒരു ശീലമായി.
 
ചില നേരങ്ങളില്‍ അവള്‍ ഉഗ്രരൂപിണിയായിരിക്കും. മറ്റ് ചിലപ്പോള്‍ ഒരു തലോടല്‍ മാത്രമാവും അവള്‍. അല്ലെങ്കില്‍ ഭ്രാന്തമായ ഒരു ചിരി. ചില ദിവസങ്ങളില്‍ അവള്‍ മണല്‍തരികളെക്കൊണ്ട് നൃത്തം ചെയ്യിക്കും. മറ്റ് ചിലപ്പോള്‍ അതെല്ലാം കൊണ്ട് വന്ന് എന്റെ ദേഹത്തേക്കെറിയും. മണലില്‍ കുളിച്ച് നില്‍ക്കുന്ന എന്നെ തുടച്ച് വൃത്തിയാക്കുന്നതും അവള്‍. ശക്തിയോടെ വന്ന് ഇലകള്‍ പറിച്ച് കൊണ്ട് പോകുന്ന അവള്‍ തന്നെ അപൂര്‍വ്വമായി മഴയും പെയ്യിക്കും. എന്നിരിക്കിലും അവളെ കാണാത്ത ദിവസം ഉണ്ടാകാറില്ല തന്നെ.

A man, a tree and the desert by ~e-antoine


3

കാറ്റ് പറയുന്നു:
ഒരു സ്വപ്നം കണക്കെയായിരുന്നു അവന്റെ വളര്‍ച്ച. ആ മരുഭൂമിയെയും സൂര്യനെയും എന്നെയും അതിജീവിച്ച്… മണലിന്റെ ആവരണത്തിനടിയിലെ ഭൂമിയില്‍ നിന്ന് ആരോ അവന്റെ വേരുകള്‍ക്ക് ശക്തി കൊടുക്കുന്നുണ്ടാകും. അതോ മുന്‍പ് കരിഞ്ഞുണങ്ങിയവരുടെ ആത്മാക്കള്‍ അവന്റെ വളര്‍ച്ചക്കു കാവല്‍ നിന്നുവോ? അതൊക്കെ എന്തുമാകട്ടെ, അവന്റെ തായ്ത്തടിക്ക് ബലം വെക്കുന്നതു ഞാന്‍ കണ്ടു. എന്തു കൊണ്ടോ, നിഗൂഢമായൊരു ആനന്ദം എന്റെ ഉള്ളില്‍ വളര്‍ന്നു, അവനോടൊപ്പം തന്നെ…

ശൂന്യവും വിസ്തൃതവും ആയ ആ മണല്‍ഭൂമിയില്‍ ഒന്നാഞ്ഞടിക്കാന്‍ എനിക്കവന്റെ ദേഹം മതിയായിരുന്നു. ഒരിക്കലും തന്നെ ഇളകാതെ, പരാതി പറയാതെ അവന്‍ നില്‍ക്കുമായിരുന്നു. പക്ഷെ ഇനിയെത്ര കാലം കൂടി?

4

ഭൂമി പറയുന്നു:
സൂര്യന്റെയും എന്റെയും കൂടെ ഉണ്ടായവളാണ് അവളും. ഞങ്ങളോടൊപ്പമേ ഇല്ലാതാവുകയും ചെയ്യുകയുള്ളൂ. അവനോ? ‘ഇന്നലെ’കളില്‍ ഏതോ ഒരു ദിവസം മുളച്ച് വളര്‍ന്നവന്‍; ഇന്ന് അവന്‍ ജീവിക്കുന്നു എന്ന് മാത്രം. ‘നാളെ’കളില്‍ എന്നെങ്കിലും അവന്റെ വേരുണങ്ങും, ഇലകള്‍ പൊഴിയും, അവന്റെ തടിയില്‍ വെള്ളത്തിന്റെ ഒരു കണിക പോലുമില്ലാതാകും.

എങ്കിലും അവന് ആനന്ദിക്കാം, ആശ്വസിക്കാം: അവനുള്ളേടത്തോളം അവളുണ്ടാകും. അതു സംഭവിക്കുന്നതു വരെ അവളെ കാണാനാകും. സ്വാര്‍ത്ഥമാണ്, എന്നാലും….

5

കാറ്റ് മരത്തിനോട് പറഞ്ഞു:
ഇന്ന് ഈ മണല്‍ത്തരികള്‍ ഇവിടെ നമ്മുക്ക് സ്വന്തമായി ഉള്ളപ്പോള്‍,
നാമെന്തിന് നാളെയുടെ അന്ധകാരത്തെ പേടിക്കണം ?
നമ്മുക്കിവയോടൊപ്പം സമയം പങ്കിടാം, പ്രിയതമ……