Google+

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

പാസ്പോര്‍ട്ട് സൈസ്

അമ്പാടിയേട്ടനായിരുന്നു, എന്നെ ആദ്യമായി സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. എന്റെ ആദ്യത്തെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
കണ്ണാടി, ചീര്‍പ്പ്, പൗഡര്‍ ഒക്കെയുള്ള ചെറിയ മുറിയില്‍ അമ്പാടിയേട്ടന്‍ എന്നെ സുന്ദരകുട്ടപ്പനാക്കി, മറ്റൊരു വലിയ ഇരുണ്ട മുറിയില്‍ ഒരു "മഹാത്ഭുതത്തിന്റെ" മുന്നില്‍ നിര്‍ത്തി. അതിന്റെ രണ്ട് വശത്തും വിശ്വവിഖ്യാതമായ 'കുടവിളക്കുകള്‍'. അവ രണ്ടും തെളിയിച്ച് ഫോട്ടോഗ്രാഫര്‍, ക്യാമറയുടെ പിന്നില്‍ നിന്ന് കൊണ്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അമ്പാടിയേട്ടന്‍ ചിരിക്കാന്‍ പ്രോത്സാപ്പിച്ച് കൊണ്ടിരുന്നു. ഒടുവില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തോടെ, ഒരു ചെറിയ പ്രാണിയുടെ കരച്ചിലിന്റെ അകമ്പടിയോടെ, ആ ചരിത്രമുഹൂര്‍ത്തം പിറന്നു.

കാശ് കൊടുത്ത് ഇറങ്ങുമ്പോള്‍ ബില്ല് തന്ന സ്ത്രീയോട് അമ്പാടി ചോദിച്ചു: "എപ്പോ കിട്ടും?"

"അടുത്ത ആഴ്ചയെങ്ങാനും വാ"
തിരക്ക് കൊണ്ടോ താല്പര്യമില്ലായ്മ കൊണ്ടോ എന്തോ, അവര്‍ (അവര്‍ ഫോട്ടോഗ്രാഫറുടെ ഭാര്യയായിരുന്നു, എന്നറിഞ്ഞത് കുറച്ച് ദിവസം കൂടി കഴിഞ്ഞായിരുന്നു.) മറുപടി പറഞ്ഞ രീതി അയാളെ ചൊടിപ്പിച്ചു.

കുടവിളക്ക്


പുറത്തിറങ്ങിയപ്പോള്‍ അമ്പാടിയേട്ടന്‍ പറഞ്ഞ് തുടങ്ങി: "ഒരാഴ്ച പോലും? 2 മണിക്കൂറത്തെ പണിയേ ഉണ്ടാവൂളു. മഹാമടിയന്മാരാ അയ്റ്റീങ്ങള്. എന്താ ഇപ്പോ അയിന്റകത്ത് കാണിക്കാനുള്ളെ? ഒരു മുറിക്കവുത്ത് കേറീട്ട്, ആ കേമറയിലുള്ളത് കട്ടിക്കടലാസിലാക്കാനാ ഓന്‍ക്കൊരാഴ്ച? നമ്മള്‍ കണ്ടിറ്റിത് തുടങ്ങിയാ പിന്നെ ഇവരെ പീട്യ പൂട്ടി പോവുലേ? അതിനാണിതിങ്ങനെ സ്വകാര്യത്തില്...പിന്നെ ആവശ്യം നമ്മുടെ ആയിപ്പോയില്ലേ?"&&*****&&


ഒരപേക്ഷ കൊടുക്കേണ്ട ആവശ്യത്തിനായിരുന്നു, ഇന്നലെ ഫോട്ടോ എടുപ്പിക്കാന്‍ ഞാന്‍ ഇറങ്ങിയത്. ചന്തയ്ക്കടുത്ത് തന്നെ ഒരു ഡിജിറ്റല്‍ സ്റ്റുഡിയോ കണ്ട് അവിടെ കേറി. ഇപ്പോ സംഗതികളെല്ലാം 5 മിനിറ്റില്‍ തീരുമല്ലോ? ഒരു ഫോട്ടോ ഒക്കെ എടുപ്പിച്ച്, കീശയ്ക്ക് താങ്ങാനാവാത്ത കാശും കൊടുത്ത്, പുറത്തിറങ്ങിയപ്പോഴാ, രമണനെ കാണുന്നത്. രമണന്‍, നമ്മുടെ അമ്പാടിയേട്ടന്റെ മകന്‍.

സ്റ്റുഡിയോയില്‍ നിന്നാണിറങ്ങുന്നത് എന്ന് കണ്ടപ്പോഴേ അവന്‍ പറഞ്ഞു: "എടാ നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ? മൊബൈലിലൊരു ഫോട്ടോ എടുത്ത് ചുമ്മാ പ്രിന്റ് എടുപ്പിച്ചാ പോരെ? നമ്മടെ അഫ്ഷാഖിന്റെ അനിയന്‍ ഇല്ലേ? ഓന്റെ പുതിയ പ്രിന്റര്‍ല് നല്ല സ്റ്റൈലായിട്ടെടുക്കൂം ചെയ്യും. വെറുതെ കാശ് കളയാന്‍..."

ഞാന്‍ പറഞ്ഞു, "എടാ, ഇവരാവുമ്പോ ഫോട്ടോഷോപ്പില്‍ എന്തൊക്കെയോ ഐറ്റംസ് ഒപ്പിക്കുവല്ലോ. അതൊന്നും നമ്മുക്കത്ര വശമില്ലല്ലോ?"

അവന്‍ ഒന്ന് ചിരി കോട്ടിക്കൊണ്ട് പറഞ്ഞു, "ഒരു ഫോട്ടോഷോപ്പ്! അതൊക്കെ മൊത്തം ഉഡായ്പ്പല്ലേടാ. ഇവരൊന്നു കറുപ്പിക്കും. പിന്നെ ലൈറ്റടിച്ച് വെളുപ്പിക്കും. എന്ത് ചെയ്താലും നമ്മളെ ഫോട്ടോ തന്നെയല്ലേ വരുന്നേ. പിന്നെന്ത് വ്യത്യാസം! ഇതൊക്കെ നമ്മളെ വെറും ആസാക്കാന്‍ വേണ്ടിയുള്ള ഓരോ തട്ടിപ്പ്.."

ഞാന്‍ എന്തോ ഓര്‍ത്ത് കൊണ്ട് ചിരിച്ചു. എന്നിട്ടവനോട് പറഞ്ഞു:"അച്ഛനോട് ഞാന്‍ അന്വേഷിച്ചൂന്ന് പറയണം"

(വിചിത്രന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന്)

29 അഭിപ്രായങ്ങൾ:

 1. തോളില്‍ തട്ടി ഒരു നല്ല വാക്ക് തന്നെ ഇരിക്കട്ടെ... ലോകം മാറി ഫോട്ടോ മാറി.... ഫോട്ടോഷോപ്പ് എല്ലാം മാറ്റി

  മറുപടിഇല്ലാതാക്കൂ
 2. ഫോട്ടോഷോപ്പ് ഇല്ലാതെ എന്ത് ഫോട്ടോ. ഫോട്ടോഷോപ്പ് കീ ജയ്.

  മറുപടിഇല്ലാതാക്കൂ
 3. ഹ ഹ
  ഓര്‍മ വന്നത് മറ്റൊരു അനുഭവകഥയാണ്. ഭാര്യ എന്റെ രണ്ടാമത്തെ മകളെ വയറ്റില്‍ ചുമക്കുന്ന കാലം. പതിവ് പരിശോധനകള്‍ അല്‍ അയിനിലെ ഒരു സര്‍ക്കാര്‍ ക്ലിനിക്കില്‍'. ഒരിക്കല്‍ പരിശോധനയില്‍ എന്തോ സംശയം തോന്നിയ ഡോക്ടര്‍ പറഞ്ഞു:
  " ജെനറല്‍ ഹോസ്പിറ്റലില്‍ പോയി ഒരു സി ടി സ്കാന്‍ എടുപ്പിക്കണം. റിപ്പോര്‍ട്ട്‌മായി എന്റെ അടുത്ത് തന്നെ വന്നാല്‍ മതി"
  ചെറുതായി ഭയന്ന് പോയ ഞങ്ങള്‍ ഉടനെ ജെനറല്‍ ഹോസ്പിടലിലേക്ക് വെച്ചു വിട്ടു. അവിടെ ഈ സെക്ഷനില്‍ ലോഗ് ചെയ്യുന്നത് ഒരു മലയാളി ആയിരുന്നു. ഡോക്ടറുടെ കുറിപ്പ് വായിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു:
  " സി ടി സ്കാന്‍ ആണല്ലേ? ങ്ങും. ഏതായാലും ഈ മാസം ഡേറ്റ് ഒന്നുമില്ല. അടുത്ത മാസവും ആദ്യത്തെ രണ്ടാഴ്ച ബുക്ക്‌ട്‌ ആണ്. അടുത്ത പതിനഞ്ചാം തീയതിക്ക് ശേഷം എന്ന് വേണം?"
  " അടുത്ത പതിനഞ്ചാം തീയതിക്ക് ശേഷമാണെങ്കില്‍ ഇങ്ങോട്ട് വരണോ? വല്ല സ്റ്റുഡിയോവിലും പോയാല്‍ പോരെ?"
  "അതെന്താ, സ്റ്റുഡിയോവില്‍ ഇപ്പോള്‍ സ്കാനും ചെയ്യുമോ?"
  " അതില്ല. പക്ഷെ പതിഞ്ചാം തീയതിക്ക് മുന്‍പ് എന്റെ ഭാര്യ പ്രസവിക്കും. പിന്നെ ഒരു ഫോട്ടോ എടുത്താലും മതിയാവുമല്ലോ?"

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉരുളക്കുപ്പേരി പോലുള്ള മറുപടി. ഇഷ്ടപ്പെട്ടു... :)

   ഇല്ലാതാക്കൂ
 4. പണ്ട് ഉപ്പയുടെ കൂടെ തൃശൂര്‍ ഒരു സ്റ്റുഡിയോയില്‍ പോയി ആദ്യമായി ഒരു മുഴുനീള കളര്‍ ഫോട്ടോ എടുത്ത ഓര്‍മ്മ.. ചില ഓര്‍മകളെ ഉണര്‍ത്തുന്ന പോസ്റ്റിനു ആശംസ..

  മറുപടിഇല്ലാതാക്കൂ
 5. ഈ 'ഫോട്ടോഷോപ്പ്' കാരണം പല ഫോട്ടോ ഷോപ്പുകളും കുടുങ്ങി, അല്ലെ? എന്തായാലും നാട്ടില്‍ വന്ന മാറ്റങ്ങളുടെ ഒരു വലിയ ഉദാഹരണമാണ് മുകളില്‍ വായിച്ചത്..ഗൃഹാതുരത്വം ഉള്ളില്‍ നിറയ്ക്കുന്ന ഒരു കുറിപ്പ്! നന്ദി!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെന്നെ ചേച്ചി. ഇപ്പോഴൊക്കെ ഫോട്ടം ആര്‍ക്കു വേണേലും പിടിക്കാം എന്നൊരു ചിന്ത വന്നു. പഴ്യ ഫോട്ടംപിടിത്തക്കാര്‍ക്കാണേല്‍ ഇത് കേട്ടാ കലി കേറും :)

   ഇല്ലാതാക്കൂ
 6. അമ്പാടിയും രമണനും വ്യസ്തതമായ കാലഘട്ടങ്ങളെ വ്യക്തമായി പ്രതിനിധീകരിച്ചു.നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 7. കുട്ടിക്കാലത്ത് ചിത്രം സ്റ്റുഡിയോയില്‍ പോയി ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ എടുത്തതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. അത്തരം സുഗന്ധമുള്ള ഓര്‍മ്മകളെ ഉണര്‍ത്തിയ പോസ്റ്റ്‌.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. കാലം മാറി കോലം മാറി... ഡാര്‍ക്ക്‌ റൂം പോയി ഫോട്ടോഷോപ്പ് വന്നു....

  മറുപടിഇല്ലാതാക്കൂ
 9. നല്ല പോസ്റ്റ്!

  മറ്റൊരു ഫോട്ടോ സ്റ്റുഡിയോ ഓര്മ്മ പങ്കുവെക്കട്ടെ.

  അബുദാബിയില്‍ നല്ല നിലയില്‍ നടന്നുകൊണ്ടിരുന്ന ഒരു സ്റ്റുഡിയോ ....എന്റെ വകേലൊരു അമ്മാവന്റെ ആയിരുന്നു. 1998 കാലത്ത് ഓയിലിന് 9 ഡോളര്‍ വിലയിലേക്ക് താഴ്ന്നപ്പോള്‍ സ്റ്റുഡിയോ പൂട്ടി ആള്‍ നാട്ടിലേക്കു പോയി. കാരണം ചോദിച്ചപ്പോള്‍:

  "എടാ, ഇതൊക്കെ ജോലിക്കാര്‍ക്ക് ഓവര്‍ടൈം ഉണ്ടെങ്കിലേ നടക്കൂ.. എണ്ണവില കുറഞ്ഞാല്‍, പിന്നെ ആരാ വെള്ളിയാഴ്ച തോറും, കോര്‍നിഷില്‍ വന്ന്‍ വല്ലവന്‍റേം കാറില്‍ ചാരി നിന്ന്‍ ഫോട്ടോ എടുക്കുന്നെ?

  എണ്ണ വിലയും, ഫോട്ടോഗ്രാഫിയും തമ്മിലുള്ള ബന്ധം അന്നാണ് എനിക്കു മനസിലായത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എണ്ണവിലയും ഫോട്ടോഗ്രാഫിയും... ആര്‍ക്ക് ചിന്തിച്ചെടുക്കാന്‍ പറ്റും? ആ സ്റ്റുഡിയോക്കാരനെ സമ്മതിക്കണം :)

   ഇല്ലാതാക്കൂ
 10. ഇഷ്ടായി..
  ഓര്‍മ്മ വന്ന കുറേ കാര്യങ്ങല്‍ എഴുതാനുണ്ടാര്‍ന്നു..
  നാട്ടില്‍ പോണ തിരക്കിലാ..
  അതോണ്ട് പിന്നെ ആവാം.. :)

  മറുപടിഇല്ലാതാക്കൂ
 11. മറുപടികൾ
  1. എന്ന് പറയുന്നത് ഫോട്ടോഷോപ്പിലെ കുത്തിവരക്കാരി... :)

   ഇല്ലാതാക്കൂ
 12. ഫോട്ടോഗ്രാഫിലുള്ള ഓരോ മാറ്റങ്ങളേയ്... പിന്നെ വേറൊന്നൊണ്ട് കേട്ടോ.. നാട്ടീന്ന് ഞാൻ ഫോട്ടം എടുത്തിട്ട് 4 ഫൊട്ടോ 60 രൂപാ. മൈസൂർന്ന് എടുത്തിട്ട് 24 ഫോട്ടോ 50 രൂപാ.. സേം സൈസ്, ഓരോ പറ്റിക്കൽസ്..

  മറുപടിഇല്ലാതാക്കൂ
 13. കൊള്ളാം നാട്ടിലെ ഒരു ഓരോ തട്ടിപ്പിന്റെ മറ്റൊരു മുഖം ,ഇപ്പോള്‍ അത് സൈബര്‍ ലോകവും ഏറ്റടുതിരിക്കുന്നു..ആശംസകള്‍ വീണ്ടും വരാം
  --

  മറുപടിഇല്ലാതാക്കൂ
 14. എന്ന് പറയുന്നത് ഫോട്ടോഷോപ്പിലെ കുത്തിവരക്കാരി... :)

  മറുപടിഇല്ലാതാക്കൂ
 15. അതെന്നെ ചേച്ചി. ഇപ്പോഴൊക്കെ ഫോട്ടം ആര്‍ക്കു വേണേലും പിടിക്കാം എന്നൊരു
  ചിന്ത വന്നു. പഴ്യ ഫോട്ടംപിടിത്തക്കാര്‍ക്കാണേല്‍ ഇത് കേട്ടാ കലി കേറും :)

  മറുപടിഇല്ലാതാക്കൂ
 16. ഉരുളക്കുപ്പേരി പോലുള്ള മറുപടി. ഇഷ്ടപ്പെട്ടു... :)

  മറുപടിഇല്ലാതാക്കൂ
 17. എണ്ണവിലയും ഫോട്ടോഗ്രാഫിയും... ആര്‍ക്ക് ചിന്തിച്ചെടുക്കാന്‍ പറ്റും? ആ സ്റ്റുഡിയോക്കാരനെ സമ്മതിക്കണം :)

  മറുപടിഇല്ലാതാക്കൂ
 18. ഫോട്ടൊ സ്റ്റുഡിയോ ഓര്‍മ്മയായി. കാലഹരണം വന്ന ചില ഓര്‍മ്മകള്‍

  മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...