Google+

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഹെമിംഗ്‌‌വേയുടെ കോട്ടും നാല് സോപ്പും

ഹെമിംഗ്‌വേ ആരാണെന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് ആദ്യമേ പറയട്ടെ. മൂപ്പരെ പറ്റി തല്ക്കാലം  അറിയേണ്ട കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നതായിരിക്കും. കേട്ടിട്ട് പോലും  ഇല്ലാത്തവര്‍ ഇത്ര അറിഞ്ഞാല്‍ മതി: ഒരു പ്രതിഭാസമാണയാള്‍.


അദ്ദേഹത്തിന്റെ ജീവിതകഥ ഞാന്‍ വായിക്കുന്നത് ഒരു 6-8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ ലേഖനം  തുടങ്ങുന്നത് തന്നെ, ഒരു രസികന്‍ കഥയുമായിട്ടാണ്. ആ കഥ തന്നെയാണ്, ഇവിടെയും  പറയാന്‍ പോകുന്നത്.

"എന്റെ ഭാഗ്യം തെളിഞ്ഞത്, ഒരു വലിയ തീപിടിത്തത്തിലായിരുന്നു. ഫയര്‍മെന്‍ പോലും വളരെ സൂക്ഷിച്ചായിരുന്നു, അന്ന്. ഞാനതൊന്നും വകവെക്കാതെ അടുത്ത് ചെന്നു. എല്ലാമൊന്നു ശരിക്കും കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍. അതൊരു വന്‍ റിപ്പോര്‍ട്ടായി. തീ പാറിക്കൊണ്ടിരിക്കുന്നു. എന്റെ തവിട്ട് നിറത്തിലുള്ള പുതിയ കോട്ട് നിറച്ചും തീ വീണ തുളകള്‍. റിപ്പോര്‍ട്ട് വിളിച്ച് പറഞ്ഞ് ഓഫീസിലെത്തിയതിന് ശേഷം, കോട്ടിന്റെ ചെലവിലേക്കായി, $15 ബില്ല് കൊടുത്തു. അത് അങ്ങ് തള്ളിപ്പോയി. അതൊരു വലിയ പാഠം പഠിപ്പിച്ചു. പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ തയ്യാറായിക്കൊണ്ടല്ലാതെ, ഒരു കാര്യവും റിസ്ക് ചെയ്യരുത്."

നോക്കണേ, ഗതികേട്! താന്‍ ജോലി ചെയ്യുന്ന പത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഒരു കോട്ട് കളയുന്നത്. എന്നിട്ട് അതിന്റെ കാശ് ചോദിച്ചപ്പോ, ചുമ്മാ പറയുവാ, "ഒരു കോട്ടല്ലേ! അതങ്ങ് പോട്ടേന്ന്!!"

ഇനി ഈ കഥ എന്ത് കൊണ്ട് ഇപ്പോള്‍ ഓര്‍മ്മിച്ചു എന്ന് ചോദിച്ചാല്‍, ഇന്ന് രാവിലെ നടന്ന ഒരു സംഭവം കഴിഞ്ഞപ്പോ, എന്ത് കൊണ്ടോ ഇതാണ് എന്റെ മനസ്സില്‍ വന്നത്. ആ സംഭവം കേട്ട് കഴിഞ്ഞാല്‍ ചിലപ്പോ നിങ്ങള്‍ക്ക് തോന്നും: ഇത് രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ എന്നൊക്കെ. അങ്ങനെ തോന്നുകയാണെന്കില്‍ എന്നെ ഒരു നാല് തെറി പറഞ്ഞേക്ക്...

ഈ കഥയില്‍ ഒറ്റ നായകനേ ഉള്ളൂ. ബാക്കി കഥാപാത്രങ്ങളെല്ലാം ദുഷ്ടന്മാരും വൃത്തികെട്ടവരും ആണെന്ന് ആദ്യമേ ഉണര്‍ത്തിക്കൊള്ളുന്നു. നായകന്‍ പതിവു പോലെ സല്‍ഗുണസമ്പന്നനും അതീവമാന്യനും സര്‍വ്വകലകളില്‍ അഗ്രഗണ്യനുമാകുന്നു. വില്ലന്മാരാണെന്കില്‍ അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാന്‍ പോലും യോഗ്യതയില്ലാത്തവരും. അവരൊക്കെ കൂടി അവനോട് കാണിക്കുന്ന ഉപദ്രവങ്ങള്‍!! ഹോ! ഈ എഴുത്തുകാരന് അതൊക്കെ ആലോചിക്കുമ്പോള്‍......

ക്ഷമിക്കണം, നായകന്‍ ഞാനല്ല. ഞാന്‍ വില്ലന്മാരില്‍ ഒരാള്‍ മാത്രം. മറ്റ് വില്ലന്മാര്‍:
1. കറുമ്പന്‍: നല്ല ഉരുക്ക് ശരീരം.
2. സഖാവ്: പേര് കേട്ടില്ലേ? അതന്നെ!
3. കാമുകന്‍: ജനിച്ചപ്പോ തന്നെ ഒരു ഫോണും കൊണ്ടായിരുന്നു മൂപ്പര് ഇറങ്ങി വന്നതെന്നത്, കിംവദന്തികളില്‍ ഒന്ന്

സംഭവം നടക്കുമ്പോള്‍ ദൃക്സാക്ഷിയായി ഒരു അതിഥിയും ഉണ്ടായിരുന്നെന്ന് അറിയിച്ച്കൊള്ളുന്നു.

വില്ലന്മാരെല്ലാവരും വ്യത്യസ്ത ഐടി കമ്പനികളില്‍ ജോലി നോക്കുന്നു. നായകന്‍ കോളേജ് വിദ്യാര്‍ത്ഥി. (സൂചന: പണക്കൊഴുപ്പിന്റെ അഹന്കാരം)

ഇത്രയും ആളുകള്‍ അങ്ങനെ ഒരു കൂരക്കുള്ളില്‍ അടി ചെയ്തും കുത്തിത്തിരിപ്പുണ്ടാക്കിയും കഴിഞ്ഞ് പോവുകയായിരുന്നു.
അങ്ങനെ ഇന്ന് രാവിലെ, ഞാനെന്റെ കിടക്കപ്പായില്‍ നിന്ന് എഴുന്നേല്ക്കാന്‍ മനസ്സില്ലാതെ, അങ്ങനെ ആകാശം നോക്കി കിടക്കുവായിരുന്നു. എന്റെ തൊട്ടപ്പുറത്ത്, നമ്മുടെ അതിഥി നല്ല ഉറക്കം. കറുമ്പന്‍ രാവിലെ തന്നെ എഴുന്നേറ്റ് football കളിക്കാന്‍ പോയിരിക്കുന്നു. ബാക്കിയുള്ളവ‌‌ര്‍ അപ്പുറത്തെ മുറിയിലാ കിടപ്പ്. ഒന്ന് കാതോര്‍ത്താല്‍ ഒരു നേര്‍ത്ത ചിരിയും സംഭാഷണവും കേള്‍ക്കാം. അതാരാണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതല്‍ കാതോര്‍ത്തില്ല.

കറുമ്പന്‍ വെള്ളം നിറച്ച ഒരു കുപ്പിയുമായി, കേറി വന്നു. ഇന്നത്തെ കളിയെക്കുറിച്ചും മറ്റും വിവരിച്ചതിന് ശേഷം ഓര്‍മ്മിപ്പിച്ചു, "എടാ ഇന്നാണ് വാടക കൊടുക്കേണ്ടത്."

ഞാന്‍ മനസ്സില്‍ കണക്ക് കൂട്ടി. വാടക കഴിഞ്ഞാല്‍ പിന്നെ തന്റെ കൈയില്‍ എത്രയുണ്ടാവുമെന്നതിനെ കുറിച്ച്. പട്ടിണിയും പരിവട്ടവുമങ്ങനെ എന്റെ കൊങ്ങക്ക് പിടിച്ചു പിടിച്ചില്ല എന്ന അവസ്ഥയിലെത്തിയപ്പോഴായിരുന്നു, അപ്പുറത്തെ മുറിയിലൊരു പൊട്ടലും ചീറ്റലും. ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍:

"ഞാന്‍ വാങ്ങിയ സോപ്പ് കൊണ്ട് തന്നെയല്ലെ, ഇവിടെ എല്ലാരും കുളിക്കുന്നത്?"

അതെ സുഹൃത്തുക്കളേ!! നമ്മുടെ നായകന്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നു!!! (പെരുമ്പറ)

ഞാന്‍ മനസ്സില്‍ വിചാരിച്ചു:"എച്ചി!"

ഇതിന്റെ കണക്കെങ്ങനെ എന്ന് വെച്ചാല്‍ വാടക, കറണ്ട്, നെറ്റ് തുടങ്ങിയ വഹകള്‍ക്ക് പൊതുവായി തുല്ല്യമായി പിരിക്കുന്ന കാശ്, സോപ്പ് ചീപ്പ്, കണ്ണാടി പോലുള്ള ചിന്ന ഐറ്റംസിന് ചെലവാക്കുകയില്ല എന്നത് അവിടെയുള്ള ഒരു അലിഖിത നിയമമാകുന്നു. (എന്തെന്നാല്‍ കുളിക്കാതെ നനയ്ക്കാതെ ദിവസങ്ങളോളം നടക്കാന്‍ സാധിക്കുന്ന എന്നെ പോലുള്ള അപൂര്‍വ്വജീവികള്‍ക്ക് അതൊരു ഭാരമാകരുതല്ലോ!) അതായത് ഇമ്മാതിരി ചെറിയ ഐറ്റംസ് നിങ്ങള്‍ വാങ്ങുകയാണെന്കില്‍ അതെല്ലാവരും ഉപയോഗിക്കുന്നതായിരിക്കും. പക്ഷേ കണക്കും പറഞ്ഞ് വന്നേക്കരുത്. അത് നിങ്ങള്‍‌ മറ്റ് സാധനങ്ങള്‍ ഉപയോഗിച്ച് വസൂലാക്കണം.*

*Conditions Apply


 ഈ ഒരു നിബന്ധന നമ്മുടെ നായകന് ഇത് വരെ മനസ്സിലായില്ല. കോപ്പിലെ സാധനങ്ങള്‍ കുറെ വാങ്ങിക്കൊണ്ട് വരും ചങ്ങായി. എന്നിട്ട് 5 കൊണ്ട് ഹരിക്കും. എന്നിട്ട് എല്ലാവരുടെ അടുത്ത് ചെന്ന് ചോദിക്കും. കഴിഞ്ഞ മാസം ഇത് പോലെ ചോദിച്ചപ്പോള്‍ വ്യക്തമായ നിര്‍ദ്ദേശം വെച്ചു. ദയവ് ചെയ്ത്, ഉപകാരങ്ങളൊന്നും  ചെയ്യരുത്. (എന്തെന്നാല്‍ ഞങ്ങളതര്‍ഹിക്കുന്നില്ല)

പക്ഷേ നായകനെ സംബന്ധിച്ചിടത്തോളം സത്യം പുലരണം, നന്മ വളരണം, നീതി ജയിക്കണം. ചുരുക്കി പറഞ്ഞാല്‍ അവന്‍ കാശ് കൊടുത്ത് വാങ്ങിച്ചതിന് കൃത്യമായ കണക്കുണ്ടാവണം. അത് കൊണ്ട് നമ്മുക്ക് തലവേദനയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ശബ്ദം കേട്ട് അതിഥിയും എഴുന്നേറ്റു. ഞങ്ങള്‍ രണ്ട് പേരും കോലാഹലം നടന്ന മുറിയിലേക്ക് നടന്നപ്പോ, അവിടെ ഒരു ഭാഗത്ത് സഖാവും കറുമ്പനും. മറുഭാഗത്ത്, നായകന്‍ ഒറ്റക്ക്(as usual). കാമുകന്‍ ഇപ്പോഴും തെങ്ങുമ്മത്തന്നെ.

കറുമ്പന്‍: നിന്നോട് കഴിഞ്ഞ മാസം ഞങ്ങള്‍ പറഞ്ഞതാ. ഇനി ഇമ്മാതിരി കാര്യങ്ങള്‍ക്ക് കണക്കും പറഞ്ഞു വരരുതെന്ന്.

നായകന്‍: അത് sauce-ന്റെ കാശല്ലേ?

Flashback: കഴിഞ്ഞ മാസം നിര്‍ദ്ദേശം വെച്ചെന്ന് പറഞ്ഞല്ലോ. അവന്‍ കുറെ നൂഡില്‍സും കെച്ചപ്പും ഒക്കെ വാങ്ങി, വീട്ടില്‍ വെച്ചു. ഒക്കെ അവന്റെ ആവശ്യത്തിനുള്ളതാണേ. നമ്മക്കെന്തിനാ ഭായി കെച്ചപ്പ്? (അതില്‍ കുറെ തീര്‍ന്നത് ഞാന്‍ ചുമ്മാ കുടിച്ചത് കൊണ്ടാണെന്നുള്ളത് ആരും അറിയണ്ട) വാടക കൊടുക്കേണ്ട സമയമായപ്പോ അവന്‍ 5 കൊണ്ട് ഹരിച്ച് ഒരു കണക്ക് പറഞ്ഞു. കറുമ്പന്‍ അതങ്ങ് കൊടുത്തു. ഞാന്‍ അതൊഴിവാക്കാനുള്ള വഴികള്‍ നോക്കി. സഖാവാണ് അന്ന് പ്രശ്നമുണ്ടാക്കിയത്. 3 നേരവും  പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയും വെള്ളിയാഴ്ച് വൈകുന്നേരം തൊട്ട് തിന്കളാഴ്ച രാവിലെ വരെ ഇവിടെ സന്നിഹിതനല്ലാത്തത് കൊണ്ടുമാണെന്നാ വിചാരിച്ചത്. പിന്നെയാ അറിഞ്ഞത്, വിദേശ മുതലാളിമാരുടെ ഉല്പന്നത്തെ അതിസമര്‍ത്ഥമായി നിരുത്സാഹപ്പെടുത്തിയതാണെന്ന്. ആ സംഭവം  തന്നെയാണ് നായകനും ഉദ്ദേശിച്ചത്.

ഞാന്‍ ഇടക്ക് കേറി:നിനക്ക് സോപ്പിന്റെ കാശ് തരാം. പേസ്റ്റ് ഞാന്‍ വാങ്ങിയതാ. 22 രൂപ. നിന്റെ ഓഹരി വെക്കെടാ. 4 രൂപ 40 പൈസ.

കറുമ്പന്‍: ഇങ്ങനെ എല്ലാവരുടെയും സാധനത്തിനും കണക്ക് പറയേണ്ടി വരും. നിനക്ക് കണക്ക് പറയാന്‍ മുട്ടിനില്ക്കുവാണേല്‍ പറഞ്ഞല്ലോ, നീയൊരു സാധനവും വാങ്ങണ്ട.

നായകന്‍: അതൊന്നും എനിക്കറിയില്ലല്ലോ? കഴിഞ്ഞ മാസം ഞാന്‍ വിചാരിച്ചത്,

കാമുകന്‍: നീ വിചാരിച്ചതൊക്കെ മടക്കി പോക്കറ്റില്‍ വെച്ചേക്ക്. (ഞാന്‍: ഇവനെപ്പൊ വന്നു?) അവന്റെയൊരു സോപ്പ്. ഇന്നത്തോടെ നിന്റെ എല്ലാ കണക്കും നിര്‍ത്തിക്കോളണം. രാവിലെ തന്നെ കേട്ടിട്ട് കലിയാ വരുന്നെ. (ശേഷം ഒരു ട്രേഡ്‌‌മാര്‍ക്ക് ചിരി) അല്ല പിന്നെ?

അതങ്ങ് തീരുമാനമായി. നായകന്‍ പിന്നെയും എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. പക്ഷേ ഭൂരിപക്ഷം നമ്മുക്കാണല്ലോ. നായകന്‍ ഊഊംംം.(ലേശം അശ്ലീലമുണ്ടേ. സോറിയേ)

അതിഥി പോലും ചോദിച്ചു,"എങ്ങനെ സഹിക്കുന്നെടേ ഇതൊക്കെ?"

ഞാന്‍ പറഞ്ഞു:"പണി കിട്ടീന്ന് പറഞ്ഞാ മതിയല്ലോ"

കുറച്ച് നേരം കൂടി കഴിഞ്ഞ് ഞാന്‍ കുളിക്കാന്‍ കേറി. പതിവ് തത്വചിന്തകളും മറ്റുമൊക്കെയായി, ഷവറിന്റെ കീഴില്‍ നിന്ന്, സോപ്പ് കൈയിലെടുത്തപ്പോഴായിരുന്നു, ഓര്‍ത്തത്. പന്നീടെ മറ്റേടത്തെ സോപ്പ്.

അപ്പത്തന്നെ അതെടുത്ത് കക്കൂസിലേക്കൊറ്റ ഏറ്.
അപ്പത്തന്നെയോ?
അപ്പത്തന്നെ അല്ല. എന്റെ ദേഹത്തൊക്കെ തേച്ച് കഴിഞ്ഞിട്ട്.

എന്നിട്ട് ഒരു തനി വില്ലനെ പോലെ ഒന്ന് പൊട്ടി ചിരിച്ചു : ബുഹാഹാഹാഹാ

ഇനിയവന്‍ കണകുണ കണക്ക് പറയാന്‍ വരട്ടെ. ചവിട്ടി പുറത്താക്കും


അശുഭം

27 അഭിപ്രായങ്ങൾ:

 1. ഞാനും വായിച്ചിട്ട് ഒന്ന് ചിരിച്ചു
  ബു ഹ ഹ ഹ

  കൊള്ളാരുന്നൂട്ടോ

  മറുപടിഇല്ലാതാക്കൂ
 2. നല്ല ഹാസ്യം ,കുറെക്കാലത്തിനു ശേഷംവായിച്ചു ..ചിരിച്ചു ,ഉള്ളിലെ കന്മഷങ്ങള്‍ ഒക്കെ അലിഞ്ഞു പോയി .ശൈലി മനോഹരമായിരിക്കുന്നു .

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം... ആശംസകള്‍.........; ഒരല്‍പം കൂടി അടുക്കൂടെ എഴുതാമായിരുന്നു എന്ന് എനിക്ക് തോന്നിപ്പോകുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരിടക്ക് വെച്ച് കൈവിട്ട് പോയി. പിന്നെ ഒരു വാശിക്ക് തീർത്തു. ഇല്ലെങ്കിൽ, ചീഞ്ഞ് കിടന്നേന്നേ. ഡിലീറ്റ് ചെയ്ത ഒരു പാട് പോസ്റ്റുകളെപ്പോലെ. വായിച്ചതിന് നന്ദിയുണ്ട്ട്ടോ

   ഇല്ലാതാക്കൂ
 4. ഹെമിംഗ്‌വേ എന്തിനു വന്നു എന്ന് ഒരു പിടുത്തവും ഇല്ല. തമാശ രസായി

  മറുപടിഇല്ലാതാക്കൂ
 5. ഇതിനെ ഇപ്പൊ എന്താ പറയാ
  അല്ലേൽ വേണ്ട ഒന്ന് ചിരിക്കാം
  ബുഹ്ഹഹഹ്ഹാ

  മറുപടിഇല്ലാതാക്കൂ
 6. തുടക്കം എനിക്കൊന്നും മനസ്സിലായില്ല...സംഭവം ചിരിക്കാനുള്ള വകയുണ്ട്..പക്ഷെ എഴുത്തിന് അടുക്കും ചിട്ടയും ഇല്ല...ആകെ ഒരു പൊകമയം...പറയാന്‍ ഉള്ളത് വൃത്തിയായി മനസ്സിലാകുന്ന ഭാഷയില്‍ പറയാന്‍ ശ്രമിക്കണേ...ആശംസകളോടെ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു നല്ല structure ഉണ്ടായിരുന്നു, തുടക്കത്തിൽ. ഒരിടക്ക് വെച്ച ആകെ പാളി. പിന്നെ തീർക്കുന്നതിലായി ആകെ ശ്രദ്ധ. അതിൽ എല്ലാം പോയി. അടുത്ത പോസ്റ്റ് ഉശാറാക്കാം. ഇൻശാ അല്ലാഹ് :)
   നന്ദി. :)

   ഇല്ലാതാക്കൂ
 7. സംഭവം ചിരിപ്പിച്ചു. പോളിയില്‍ പഠിക്കുന്ന സമയത്ത് ഞാനും ഒരു ഓസി ആയിരുന്നു. ഒന്നൂടെ നന്നാക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 8. ഓസില്‍ സോപ്പ് തേക്കുന്ന എല്ലാ പിശുക്കന്മാര്‍കും ഈ കഥ സമര്‍പ്പിച്ചു കൂടെ. കലക്കി മോനെ.

  മറുപടിഇല്ലാതാക്കൂ
 9. ഒരു നല്ല structure ഉണ്ടായിരുന്നു, തുടക്കത്തിൽ. ഒരിടക്ക് വെച്ച ആകെ പാളി.
  പിന്നെ തീർക്കുന്നതിലായി ആകെ ശ്രദ്ധ. അതിൽ എല്ലാം പോയി. അടുത്ത പോസ്റ്റ്
  ഉശാറാക്കാം. ഇൻശാ അല്ലാഹ് :)
  നന്ദി. :)

  മറുപടിഇല്ലാതാക്കൂ
 10. ഒരിടക്ക് വെച്ച് കൈവിട്ട് പോയി. പിന്നെ ഒരു വാശിക്ക് തീർത്തു. ഇല്ലെങ്കിൽ,
  ചീഞ്ഞ് കിടന്നേന്നേ. ഡിലീറ്റ് ചെയ്ത ഒരു പാട് പോസ്റ്റുകളെപ്പോലെ.
  വായിച്ചതിന് നന്ദിയുണ്ട്ട്ടോ

  മറുപടിഇല്ലാതാക്കൂ
 11. സന്തോഷം‌ സാഹിബ്. നന്ദി.വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...