Google+

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

പാക്കിസ്ഥാനിലെ ഒരു പെണ്‍കുട്ടിയും നമ്മുടെ പെണ്‍കുട്ട്യോളും

അതെന്നെ, അതെന്നെ. മലാല തന്നെ. ഇതിപ്പോ ഓളെ സുഖാക്കീല്ലേ? ഇപ്പോ എന്തിനാ ഇതും കുത്തി പിടിച്ച് വരുന്നെ, എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും കാരണണ്ട് എന്ന്.

മലാലയുടെ ഡയറി കുറിപ്പുകള്‍ കുറച്ചൊക്കെ വായിച്ചു. സംഗതി ജോറ് തന്നെ. ഒന്നൊന്നര സംഭവം. ഇത്തിരിപോന്ന പെണ്ണിന് ഇത്ര ധൈര്യംന്ന് പറഞ്ഞാ, സമ്മതിച്ച് കൊടുക്കണം.

ഈയിടെ കൊറെ അലവലാതികള്‍ അവളെ വെടിവെച്ചിട്ടുവത്രേ. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. നമ്മുടെയെല്ലാം പ്രാര്‍ത്ഥന കൊണ്ടും തക്കസമയത്ത് കിട്ടിയ ബ്രിട്ടീഷുകാരുടെ ചികിത്സ കൊണ്ടും ഇപ്പോ കുറെ ഭേദമായി. അല്‍ഹംദുലില്ലാഹ്.

നമ്മള്‍ കുറെ ഫേസ്ബുക്ക് ബുജികള്‍ (ഈ പ്രയോഗം തേഞ്ഞ് തുടങ്ങിയെന്കില്‍ ക്ഷമിക്കണം) സ്ഥിരം പഞ്ചാര, കത്തി, സിനിമാ തല്ല്, രാഷ്ട്രീയക്കാരെ കളിയാക്കല്‍ തുടങ്ങിയ ലൊടുക്ക് പരിപാടികളുമായി തേരാ പാരാ നടക്കുമ്പോ കിട്ടിയ ഈ വാര്‍ത്ത പരമാവധി ആളുകളെ അറിയിച്ച് ബോധവാന്‍മാരാക്കി. ആത്മാര്‍ത്ഥമായി ചെയ്തവര്‍ക്ക് എന്റെ ആശംസകള്‍. അതിനിടയില്‍ കിടന്ന് വാഴ വെട്ടുകയും തേങ്ങയിടുകയും ചെയ്തവന്മാരെ... എന്ത് പറയാന്‍?

ഈ ഫേസ്ബുക്ക് എന്ന സാധനം ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ഈ സൈറ്റ് ഒരുപക്ഷേ വാര്‍ത്തകളുടെ primary source ആണ്. ഇതിന് പുറത്ത് വേറെ സൈറ്റുകള്‍ ഉപയോഗിച്ച് വാര്‍ത്ത അറിയാനോ verify ചെയ്യാനോ മിക്ക ആളുകളും മെനക്കെടാറില്ല.


ഈ മലാലയുടെ പ്രശ്നം നടക്കുമ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വെറെ ഒരു സ്ത്രീ പീഡന പ്രശ്നമായിരുന്നു, ഹരിയാനയിലേത്. അതുമായി ബന്ധപ്പെട്ട് എത്ര ചര്‍ച്ച നടന്നു. ചില്ലറ ബ്ലോഗുകള്‍. ഒന്ന് രണ്ട് ചര്‍ച്ചകള്‍. തീര്‍ന്നു. നമ്മളെന്താ ഇന്ത്യക്കാരല്ലേ? അതോ താലിബാന്‍ നടത്തുമ്പോഴെ അത് പീഡനമാവുകയുള്ളു എന്നുണ്ടോ? ജാതിയിലുള്ള ഉയര്‍ച്ച താഴ്ച നോക്കി പീഡിപ്പിക്കുന്നത്, നമ്മുടെ ആരുടെയും പെങ്ങന്മാരെ അല്ലെന്നുണ്ടോ?

"അതിപ്പോ ഹരിയാനയിലല്ലേ? അതങ്ങ് നോര്‍ത്ത്..." എന്ന് പറയാന്‍ വരുന്നവരോട് വെറെ ഒരു വാര്‍ത്ത കാണിച്ച് കൊടുക്കണം. നമ്മടെ കേരളത്തില്‍ തന്നെ. ഒരു അമ്മ സ്വന്തം മകളെ കാഴ്ചവെച്ച് വാണിഭം ചെയ്ത് പിടിയിലായ വാര്‍ത്ത. അതൊന്നും നമ്മുക്കറിയണ്ടേ? ഈ സ്ത്രീയുടെ അടുത്ത് കാശ് കൊടുത്ത് മകളെ പ്രാപിക്കാന്‍ ചെന്നത്, എല്ലാം വിദേശികളൊന്നും അല്ലല്ലോ?

ഇതൊക്കെ നോക്കാന്‍ ആര്‍ക്കാ ഇവിടെ നേരം അല്ലേ? ഒരു ഫോട്ടം തന്നിട്ടുണ്ടെന്കില്‍ ഷെയര്‍ ചെയ്ത് കളിക്കാം. പ്രൊഫൈല്‍ ചിത്രത്തിന്റെ മൊഞ്ച് കണ്ട് ഓളോ(നോ)ട് ചാറ്റ് ചെയ്യാനിരിക്കാം. വാര്‍ത്തയോ? എന്ത് വാര്‍ത്ത? ഇപ്പോ എല്ലാം പോസ്റ്റല്ലേ, ചങ്ങായി?

കുറിപ്പ്:കലികേറുന്നുണ്ടെന്കില്‍ ഒരു കാര്യം ചെയ്യാം: എന്നെ ഒരു താലിബാന്‍ സ്നേഹിയായി മുദ്ര കുത്തിക്കോ. എന്നോട് പറയണ്ടാ. (എനിക്കവരെ ഇഷ്ടമല്ല. അതെന്നെ.)