Google+

2013, മേയ് 17, വെള്ളിയാഴ്‌ച

അകാലത്തില്‍ വിട്ടു പോയ ആദ്യകാമുകിക്ക്

പ്രിയേ,

പേടിക്കണ്ടാ, നിന്റെ പേര് ഞാന്‍ മറന്നിട്ടൊന്നുമില്ല. 

"എന്തിനാ ഇപ്പോ ഇതൊക്കെ?" എന്ന് ചോദിച്ചാല്‍ നിന്നെ പെട്ടെന്ന് ഓര്‍മ്മ വന്നു. എന്ന് വെച്ചാല്‍ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ നല്ല മഴ. പതിവ് പോലെ ഞാന്‍ ഒന്നും നോക്കാതെ straight നടന്ന് തുടങ്ങി. മഴയില്‍ കുതിര്‍ന്ന് ഞാന്‍ നടന്ന് പോകുമ്പോള്‍ കൂട്ടുകാരില്‍ ഒരാള്‍ എന്നെ നോക്കി വിളിച്ച് ചോദിച്ചു: ഡാ, നിനക്ക് പ്രാന്തായോടാ?

അന്ന് നിന്നോട് ഫോണില്‍ പറഞ്ഞു, ഇന്ന് മഴ കൊള്ളലായിരുന്നു പണി. നീ എന്നെ അന്ന് വിളിച്ചു: പ്രാന്തന്‍. എന്നിട്ട് നീ ഒരു പതിഞ്ഞ ചിരി ചിരിച്ചു. പൂച്ചകള്‍ കുറുകുന്ന അത്രയും പതിഞ്ഞ ചിരി.

പലരും പറയുന്നത് കേട്ടിട്ടുണ്ട്: ആദ്യപ്രണയം ജീവിതത്തിലെ ആദ്യത്തെ അബദ്ധമാണെന്ന്. നിനക്കെന്ത് തോന്നുന്നു? ഞാനൊരു അബദ്ധമായിരുന്നോ? നീ മറക്കാനാഗ്രഹിക്കുന്ന ഒരു അബദ്ധം? 

ഇങ്ങനെയുള്ള ചില അസാധാരണമുഹൂര്‍‌‌ത്തങ്ങളില്‍ നിന്നെ ഓര്‍‌‌ത്തുപോകും. ഒരിക്കല്‍ പടികയറുന്ന ഒരു കുട്ടിയെ കണ്ടപ്പോള്‍... നിന്നെ ആദ്യമായി കണ്ടത്, ഞാനോര്‍ത്തു പോയി. നിന്നെ കണ്ടപ്പോള്‍‌‌ ഞാന്‍ സത്യത്തില്‍ അന്തിച്ച് പോയി.

പക്ഷേ നീ...! അങ്ങനെ നീ പടി കയറുന്നത് കണ്ട്, പൊട്ടനെപ്പോലെ അന്തം വിട്ട് നിന്നപ്പോള്‍ നീ തിരിഞ്ഞ് നോക്കി ഒരു ചിരി. 

അതിന്റെ സുഖം അറിയണമെന്കില്‍  ഞാനായി ജനിക്കണം. ആ നിമിഷം അത് കാണാന്‍‌‌ അവിടെ ഉണ്ടാകണം. 

നീ അസ്വസ്ഥയാകുന്നുണ്ടോ? നീ മറക്കാനാഗ്രഹിക്കുകയായിരുന്നോ ഇതൊക്കെ? ഞാനും അങ്ങനെയൊക്കെ തന്നെ. ഞാന്‍ പറഞ്ഞല്ലോ, ഇങ്ങനെ ചില നിമിഷങ്ങളുണ്ട്. 

നിന്റെ മുഖം ഞാന്‍ മനസ്സില്‍ സന്കല്‍പ്പിച്ച് നോക്കാറുണ്ട് ചിലപ്പോള്‍. ആ നീളന്‍ മുടി, സ്വപ്നസമാനമായ കണ്ണുകള്‍, ഈ രണ്ട് വിവരങ്ങള്‍ മാത്രം എപ്പോഴും കൃത്യമായി കിട്ടും.ചിലപ്പോള്‍ നിന്റെ മുഖം തെളിഞ്ഞ് വരും. ചിലപ്പോള്‍ ആകെ ഒരു പുകമറ. നാളെ ചിലപ്പോള്‍ ഒന്നും ഓര്‍മ്മയുണ്ടാവില്ല. 

നീ ഒരു ഫോട്ടോ തന്നത് ഓര്‍മ്മയുണ്ടോ? സ്കൂളിലെ ഏതോ പരിപാടിക്ക് ഒപ്പന മല്‍സരത്തില്‍ നീ മണവാട്ടിയായി അണിഞ്ഞൊരുങ്ങി സ്റ്റേജില്‍... ഇന്നത്തെ ഈ ഓര്‍മ്മക്കുറവ് അന്നേ അറിഞ്ഞിരുന്നെന്കില്‍ ഞാന്‍ അത് ഒരു കോപ്പി എടുത്ത് സൂക്ഷിച്ച് വെച്ചേനേ. 

അല്ലെന്കിലും നിന്നെ കണ്ടിട്ടിപ്പോ എത്രയായി? നാല് കൊല്ലം? അഞ്ച് കൊല്ലം? നീ മാറിപ്പോയിട്ടുണ്ടാകുമോ? അല്ല, നീ ജീവിച്ചിരിപ്പുണ്ടോ?

ഒരു കാലത്ത് എല്ലാ ആഴ്ചയും നിന്നെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. മൊബൈലൊന്നും കിട്ടിയിട്ടില്ലാത്ത കാലം. വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ച് നിന്നെ വിളിക്കുവാന്‍ വേണ്ടി ഫോണെടുക്കുമ്പോഴേ തുടങ്ങും നെഞ്ചില്‍ പടപടാന്ന് ഇടിക്കാന്‍. എങ്ങനെയെന്കിലും ഫോണ്‍ നിന്റെ കയ്യിലെത്തി നിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഉള്ള ഒരു പരമാനന്ദം!

ഞാന്‍ സ്വദേശം വിട്ടപ്പോഴും ഈ ഫോണ്‍ വിളികള്‍ തുടര്‍ന്നിരുന്നല്ലോ. അന്ന് യാത്ര പുറപ്പെടുമ്പോള്‍ നീ പറഞ്ഞത് നീ പറഞ്ഞത് വല്ലാതെ നോവിച്ചിരുന്നു: എന്തായാലും കല്ല്യാണമൊന്നും കഴിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്തിനാ....

ഇന്നോര്‍ക്കുമ്പോള്‍ സ്വയം ചോദിക്കും: എന്തിനാ? പ്രണയത്തിന്റെ പേരില്‍ ഒരു പാഴ്‌‌വ്യായാമം. 

അതൊക്കെ പോട്ടെ! നിനക്ക് സുഖം തന്നെയല്ലേ?

സ്വന്തം ജീവിതം ദിശയില്ലാതെ ഉഴലുന്നത് കണ്ടപ്പോള്‍, മറ്റുള്ളവരുടെ നോട്ടം പോലും മൂര്‍ച്ചയേറിയ ആയുധങ്ങളായി. അവയെല്ലാം എനിക്കു നേരെയുള്ളതായി. പഴയ ബന്ധങ്ങള്‍ പലതും മുറിച്ച് മാറ്റി. എന്നും വിജയം നേടി എന്ന് അഹന്കരിച്ചവന്റെ അധ:പതനം. അനന്തരഫലമായി ഉണ്ടായ അപകര്‍ഷതാബോധം... 

ഇപ്പൊ നോക്കിയാല്‍ ഈ കാരണങ്ങളൊക്കെയും വെറും ഞൊണ്ടിന്യായങ്ങള്‍. നിന്നെ വെറുത്തത് കൊണ്ടൊന്നുമല്ല. സ്വന്തം ജീവിതം മടുത്ത് പോയത് കൊണ്ടാണ്. 

നിന്റെ കല്ല്യാണമൊക്കെ കഴിഞ്ഞില്ലേ? നിനക്കൊരു തമാശ കേള്‍ക്കണോ? നിന്റെ കല്ല്യാണത്തെപ്പറ്റി എങ്ങനെ അറിഞ്ഞു എന്ന് കേള്‍ക്കണ്ടേ? ഏതോ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്ല്യാണത്തിന്‍ പോയി തിരിച്ച് വരുന്ന വഴിക്ക് ഞാന്‍ ചുമ്മാ നിന്നെ പറ്റി ഓര്‍ത്തു പോയി. അവസാനമായി വിളിച്ചിട്ട് അഞ്ചോ ആറോ മാസം ആയിക്കാണണം. പതിവിന് വിപരീതമായി അങ്ങേതലക്കല്‍ ഒരു പുരുഷശബ്ദം കേട്ടപ്പോള്‍ ഒന്ന് പതറി. പിന്നെ ശബ്ദം ഒക്കെ കടുപ്പിച്ചൊരു ചോദ്യം, നിന്നെ തിരക്കി. അയാള്‍ വെറും നിസ്സാരമായി പറഞ്ഞു. നീ നിന്റെ ഭര്‍ത്താവിന്റെ വീട്ടിലാണെന്ന്. പിന്നെ എന്തൊക്കെയോ ഉപചാരവാക്കുകളില്‍ തപ്പിത്തടഞ്ഞ് അതങ്ങ് അവസാനിപ്പിച്ചു. 

ഞെട്ടല്‍ ഒക്കെ അവസാനിച്ചപ്പോ, ഞാന്‍ വിചാരിച്ചു,"ഹാ, പോട്ട്!"

പന്തീരായിരം പ്രണയകഥകളും കവിതകളും കത്തുകളും കൊലപാതകങ്ങളും അവകാശപ്പെടാനുള്ള ഈ ലോകത്തില്‍ എനിക്കിന്നും മനസ്സിലാവാത്ത ഒരു സമസ്യ: ഞാനെന്തിന് അന്ന് ഇത്രയും നിസ്സാരമാക്കി തള്ളിക്കളഞ്ഞതെന്ന്.

ഒരു പക്ഷേ, ഞാന്‍ പ്രണയത്തിലൊന്നുമായിരുന്നില്ല. I was just in love with idea of being in love. തിരിച്ചറിയപ്പെടാത്ത ഏതോ ഒരു ഭ്രമത്തെ ഞാന്‍ പ്രണയമെന്ന് സന്കല്പിച്ചിരിക്കണം. എന്നാല്‍ പ്രണയിതാക്കളുടെ എല്ലാ ഉന്മാദങ്ങളും എന്നില്‍ കണ്ടിരുന്നുതാനും. ആ, എനിക്കറിയില്ല. 

പിന്നെ നീയുമായി ഒരു സമ്പര്‍ക്കവും വെച്ച് പുലര്‍ത്താത്തത് കൊണ്ട് നിന്റെ വിശേഷങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ്? കുട്ടികള്‍? ഒരു ഗള്‍ഫുകാരന്റെ trophy wife ആയിട്ടാണോ ഇപ്പോഴത്തേ ജീവിതം? അയാള്‍ വിരൂപനാണോ? എന്നെക്കാളും?

അല്ലെന്കിലും സൗന്ദര്യത്തിലൊക്കെ എന്തു? ഇന്നല്ലേ സൗന്ദര്യത്തെ സ്കെയിലൊക്കെ വെച്ച് അളന്നും തൂക്കിയും പ്രണയത്തെയും സൗഹൃദത്തെയും തിരഞ്ഞെടുക്കുന്നത്. ആദിപുരുഷന് സൗന്ദര്യം കുറഞ്ഞവളെ കിട്ടിയാലും മൂപ്പര്‍ക്കറിയാന്‍ വകുപ്പില്ലല്ലോ? Everything has beauty. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാവരും സുന്ദരന്മാരും സുന്ദരികളും ആയിരിക്കണം. എന്റെ സുഹൃത്തിന്റെ കണ്ടുപിടിത്തമാണ്. ഞാന്‍ ഈ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ആയിരുന്നെന്കില്‍ നിന്നോട് നിന്റെ ഭര്‍‌‌ത്താവിന്റെ സൗന്ദര്യത്തെക്കുറിച്ച് ചോദിക്കാന്‍ തോന്നുമോ.


എന്നോട് ക്ഷമിക്കണം. അസൂയ എന്നോ നിരാശ എന്നോ പറഞ്ഞ് തള്ളുക.


കൂടുതല്‍ വെറുപ്പിക്കുന്നില്ല. എവിടെയായിരുന്നാലും നന്നായിരിക്കട്ടെ!

ജന്മദിനാശംസകള്‍!! 
(എന്ത് പിണ്ണാക്കിനാ ഞാനിതുമോർത്തിരിക്കുന്നത്?)

 

5 അഭിപ്രായങ്ങൾ:

 1. എന്റേം ജന്മദിനാശംസകള്‍ പറഞ്ഞോളൂ...

  മറുപടിഇല്ലാതാക്കൂ
 2. മനസ്സില്‍ നിന്നുമെഴുതിയ ഒരു കത്തു പോലെ... ടച്ചിങ്ങ്...

  "എന്റെ മനസ്സറിയണമെങ്കില്‍ നീ ഞാനായി ജനിയ്ക്കണം" സത്യം തന്നെ

  മറുപടിഇല്ലാതാക്കൂ
 3. നഷ്ടപ്രണയ തീവ്രത മനസിലാവുന്നു..

  മറുപടിഇല്ലാതാക്കൂ
 4. ..@srus..ഇരുമ്പുഴി2013, സെപ്റ്റംബർ 15 5:39 PM

  അകന്നിരിക്കുമ്പോള്‍ പ്രണയവും നഷ്ട്ട പ്രണയവും നല്ലൊരു ഓര്‍മകളാണ് !


  അസ്രൂസാശംസകള്‍ :)

  മറുപടിഇല്ലാതാക്കൂ

വായിച്ചല്ലോ... നന്ദി
ഇഷ്ട്പ്പെട്ടോ... സന്തോഷം. ഒരു Like, ഒരു Tweet, ഒരു +1, തോളില്‍ തട്ടിയുള്ള ഒരു നല്ല വാക്ക്. അങ്ങനെ എന്തും. ഒരു പുഞ്ചിരിയോടെ സ്വീകരിക്കപ്പെടും
ഇഷ്ടപ്പെട്ടില്ലേ? തെറ്റുകള്‍? കുറ്റങ്ങള്‍?... കമന്റ് പെട്ടി നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.
പ്രാര്‍ത്ഥിക്കുക...